1/29/2026

അറുകൊല - ഗോത്ര സമൃതികളിലെ ഗുരുകാരണവ ചൈതന്യം

    

വർഷം 1909.

കൊച്ചി നാട്ടുരാജ്യപ്രദേശങ്ങളിൽ തന്റെ നരവംശശാസ്ത്ര ഗവേഷണവുമായി സഞ്ചരിക്കവേ L. K. അനന്തകൃഷ്ണ അയ്യർ ആ പ്രദേശങ്ങളിലെ തണ്ടപ്പുലയ സമുദായ അംഗങ്ങളുടെ ആരാധനാ സ്ഥലങ്ങൾ സന്ദർശിക്കുകയുണ്ടായി.


"....... ഘണ്ടാകർണ്ണൻ.... കൊടുങ്കാളി..... ഭൈരവൻ..... അറുകൊല പ്രേതങ്ങൾ...."


ഇവരെയാണ് അദ്ദേഹം കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത്.


ലിഖിത ചരിത്രത്തിന്റെ ഏടുകളിലേയ്ക്ക് അറുകൊല എന്ന പദം ആദ്യമായി കടന്നുവരുന്ന സന്ദർഭമാണിത്.


ചരിത്രാതീത കാലത്തോളം പഴക്കമുള്ളതാണ് സംസ്കൃതികളിലെ പൂർവികാരാധന സമ്പ്രദായം. പ്രാചീന കേരളത്തിൽ, ആരാധ്യ തലങ്ങളിലേയ്ക്ക് ഉയർന്ന പൂർവികന് കാലവും ദേശവും സമ്പ്രദായവും സമുദായവുമനുസരിച്ച് പേരുകൾ പലതാണ്.അതിലൊന്നാണ് അറുകൊല.


ഈ അറുകൊല സങ്കല്പത്തെക്കുറിച്ചും ആരാധനയെക്കുറിച്ചുമുള്ള വിശകലനമാണ് ഈ ലേഖനം.


പദോൽപ്പത്തി


1. ‘അരും കൊല’


ക്രൂരമായി വധിക്കപ്പെട്ടതെന്ന അർത്ഥമുള്ള ‘അരും കൊല’ ലോപിച്ചുണ്ടായതാണ് ‘അറുകൊല’ എന്നതാണ് ബഹുഭൂരിപക്ഷം പണ്ഡിതരും വിശ്വാസികളും പങ്കുവെക്കുന്ന അഭിപ്രായം. അറുകൊല ആരാധന നിലനിൽക്കുന്ന കുടുംബങ്ങളിലെയും ദേശങ്ങളിലെയും ഒട്ടുമിക്ക വിശ്വാസികളും ഇതേ അഭിപ്രായം പിന്തുടരുന്നു.

ചതിയിലൂടെ നടന്ന കൊലപാതകം, മൃഗാക്രമണത്തിൽ ഉണ്ടായ മരണം, യുദ്ധത്തിലെ വീരമൃത്യു എന്നിവയാണ് പൊതുവെ അറുകൊലകൾ രൂപപ്പെടാൻ കാരണങ്ങളായി പറയപ്പെടുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ഈ പദോൽപ്പത്തി സിദ്ധാന്തം യുക്തിസഹമാണെന്ന് കാണാം.

തല അറുത്ത് കൊല ചെയ്യപ്പെട്ടതെന്ന അർത്ഥത്തിൽ നിന്നുമാണ് ‘അറുകൊല’ രൂപപ്പെട്ടതെന്ന മറ്റൊരു സിദ്ധാന്തവും നിലവിലുണ്ട്.

2. ‘അറു കല’


ഉഗ്രശക്തി എന്ന അർത്ഥമുള്ള ‘അറു കല’ രൂപമാറ്റം സംഭവിച്ച് ‘അറുകൊല’ ആയി മാറിയതാണെന്ന് പറയുന്ന മറ്റൊരു സിദ്ധാന്തവും നിലവിലുണ്ട്. ഇതിന് തെളിവായി, ചില പ്രാചീന ദർശനങ്ങളിലും വിശ്വാസരീതികളിലും ദേവതകളുടെ പേരിനൊപ്പം ‘അറുകൊല’ എന്ന വിശേഷണം ചേർക്കുന്ന സമ്പ്രദായം ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഉദാഹരണം: അറുകൊല കരിങ്കുട്ടി ചാത്തൻ.


ചുരുക്കത്തിൽ അറുകൊല എന്നത് ഒരു പ്രേതമൂർത്തി മാത്രമല്ല, ചിലയിടങ്ങളിൽ അത് ശാബര ദേവതകളെയും സൂചിപ്പിക്കുന്നുണ്ട്.


ഈ രണ്ട് വാദങ്ങളും അതത് സാഹചര്യങ്ങളിൽ ശരിയാണ് എന്നാണ് അനുമാനിക്കേണ്ടത്. അരും കൊലയും അറു കലയും രണ്ട് വ്യത്യസ്ത സങ്കല്പങ്ങളായി നിലനിന്നിരിക്കുകയും കാലാന്തരത്തിൽ ഇരു വാക്കുകൾക്കും രൂപമാറ്റം സംഭവിച്ച് അറുകൊലയായി മാറിയെന്നുമാണ് കരുതേണ്ടത്.


കേരളത്തിന്റെ ആചാര–കലാസാംസ്കാരിക–വിശ്വാസ രംഗവേദികളിൽ അറുകൊല എങ്ങനെ നിലനിൽക്കുന്നു എന്ന് പരിശോധിക്കാം.


പ്രേതാരാധന പദ്ധതികളിലെ അറുകൊല


മുൻപ് പരാമർശിച്ചത് പോലെ ഭീകരമായ മരണം/കൊലപാതകം സംഭവിച്ചവരുടെ ആത്മാക്കളാണ് അറുകൊലയായി പരിവർത്തനപ്പെടുന്നത്. കുടുംബ പൂർവികർ, യുദ്ധവീരന്മാർ, സാധാരണ വ്യക്തികൾ ഒക്കെ ഈ തലത്തിലേക്ക് എത്തിച്ചേരുന്നു. യുദ്ധം, വ്യക്തിവൈരാഗ്യം അടിസ്ഥാനമാക്കിയുള്ള ആക്രമണം, മൃഗങ്ങളുടെ ആക്രമണം തുടങ്ങിയവയിൽ അപമൃത്യു സംഭവിച്ചയാളുടെ പ്രേതാത്മാവ് മരണാനന്തര ലോകങ്ങളിലേയ്ക്ക് കടക്കാതെ നിഗ്രഹ സ്വഭാവം പ്രകടിപ്പിച്ചുകൊണ്ട് നിലനിൽക്കുന്നതായി അനുഭവങ്ങളിലൂടെയും ലക്ഷണങ്ങളിലൂടെയും അനുമാനിക്കപ്പെടും. ഈ ആത്മാവിനെ ശാന്തമാക്കുവാനായി അറുകൊലയായി കുടിയിരുത്തുകയും വിളക്ക് കൊളുത്തൽ പോലെയുള്ള ലളിതമായ കർമ്മങ്ങൾ അനുഷ്ഠിച്ച് വരികയും ചെയ്യപ്പെടും.


ചിലയിടങ്ങളിൽ കൊലപാതകം ചെയ്തയാൾ തന്നെ വധിക്കപ്പെട്ടയാളുടെ അറുകൊലയെ ശാന്തമാക്കുവാനായി പ്രായശ്ചിത്ത കർമ്മങ്ങൾ ചെയ്യുന്നതായി കാണാം. പത്തനംതിട്ട ജില്ലയിലെ കമ്പഴ ഗ്രാമത്തിൽ ഒരു പുലയ സമുദായാംഗത്തെ അന്യായമായി വധിക്കുകയും പിന്നീട് അയാളുടെ അറുകൊലയുടെ ബാധ കൊലപാതകിയുടെ കുടുംബത്തെ ബാധിക്കുകയും ചെയ്തു എന്നാണ് കഥ. ഇതിന് പ്രായശ്ചിത്തമായി വധിക്കപ്പെട്ടയാളുടെ കുടുംബത്തിന് നെൽവയൽ ദാനം ചെയ്യുകയും ചെയ്തു. ആ ഭൂമി പിന്നീട് ‘അറുകൊല കണ്ടം’ എന്നറിയപ്പെട്ടു. ഈ കുടുംബത്തിലെ പിൻമുറക്കാരിലൊരാൾ ഇതേ പേരിൽ ഈ ദാന സംഭവത്തെ ആസ്പദമാക്കി കവിത (1979) പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറുകൊല (അറുകൊലച്ചാവ്) എന്നത് ഉഗ്രഭാവമാർന്നതും അനന്തര തലമുറകളെ മറുതയുടെ വസൂരിയിൽ നിന്നും രക്ഷിക്കുന്ന പരദേവതകളിൽ ഒന്നുമായാണ് ഈ കൃതിയിൽ ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള അറുകൊലച്ചാവുകൾക്ക് നിറനാഴി നെയ്യ്, കോഴിവെട്ട് തുടങ്ങിയ നിവേദ്യങ്ങളായിരുന്നു നൽകപ്പെട്ടിരുന്നത്.





ഇത്തരത്തിൽ പറയ സമുദായത്തിലും അറുകൊല സങ്കല്പം ആചാരാനുഷ്ഠാനങ്ങളിലേയ്ക്ക് കടന്നുവന്നിരുന്നു. ചിലയിടങ്ങളിൽ നിലനിന്നിരുന്ന ‘പതി കൊട’ എന്ന ആചാരത്തിൽ അറുകൊലയെ വെളിച്ചപ്പാടിന്റെ ശരീരത്തെ ആവേശിക്കുവാനായി വിളിച്ചുവരുത്താനുപയോഗിച്ചിരുന്ന ഈരടികൾ ഇങ്ങനെയാണ്:


"പണ്ടുള്ളോരേ കാണോന്മാരേ! തുള്ളിയിളകട്ടെ
തെയ്യന്തക തെയ്യന്തക തെയ്യന്തക തൈ.
പതിനെട്ടു കാപ്പിരി അറുക്കൊല തുള്ളിയിളകട്ടെ!
തെയ്യന്തക തെയ്യന്തക തെയ്യന്തക തൈ"

കേരളത്തിലെ പോർച്ചുഗീസ് കാലഘട്ടം മുതൽ ആരംഭിച്ച ‘18 കാപ്പിരി’ ഐതിഹ്യം കേരളത്തിന്റെ പുരാതന അറുകൊല സങ്കല്പത്തിലേയ്ക്ക് സ്വാശ്രയിക്കപ്പെട്ടതായി ഈ വരികളിൽ നിന്നും മനസ്സിലാക്കാം.


കൊലപാതകത്തിന് / മരണത്തിന്റെ രീതി അനുസരിച്ച് അറുകൊലകൾക്ക് വർഗീകരണം കാണപ്പെടുന്നുണ്ട്.


ഉദാഹരണത്തിന്:
വെട്ടറുകുല – വെട്ടേറ്റ് ഉള്ള മരണം
കുത്തറുകോല – കുത്തേറ്റ് സംഭവിച്ച മരണം
നീറ്ററുകൊല – മുങ്ങിമരണം

(പഞ്ചകോശങ്ങളെ സംബന്ധിച്ച് പുലയ സമുദായങ്ങളിൽ നിലനിന്നിരുന്ന വിശ്വാസപ്രകാരം മരണപ്പെട്ട വ്യക്തിയുടെ പഞ്ചകോശങ്ങളിൽ ഒന്നിന്റെ പേരാണ് നീറ്റ് ഭൂതം. പരേതന്റെ മരണാനന്തര കർമ്മങ്ങൾ ചെയ്യപ്പെട്ട കടവിലോ നദിയിലോ ആണ് ഇതിന്റെ സാന്നിധ്യം ഉള്ളതായി വിശ്വസിക്കപ്പെട്ടിരുന്നത്. അറുകൊല പോലെ അപമൃത്യുവുമായി ബന്ധപ്പെട്ട ഒന്നല്ല നീറ്റ് ഭൂതം.)


19-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ കേരളത്തിൽ നടന്ന നരവംശ പഠനങ്ങൾ പ്രകാരം അറുകൊല എന്ന പേരിൽ പ്രേതാരാധന നടത്തപ്പെടുന്നത് പ്രധാനമായും ഹരിജന, ഗിരിജന സമുദായങ്ങളിലായിരുന്നു എങ്കിലും അപൂർവമായി സവർണ സമൂഹങ്ങളിലും ഈ രീതി കണ്ടിരുന്നു. ഉദാഹരണത്തിന്, പഴയ തെക്കുംകൂർ ഇളയ തമ്പുരാനായിരുന്ന വ്യക്തി തിരുവിതാംകൂർ പടയോട്ടത്തിൽ വധിക്കപ്പെടുകയും പിന്നീട് അറുകൊലയായി പരിവർത്തനപ്പെടുകയും ചെയ്തിട്ടുണ്ട്. ഈഴവ സമുദായത്തിൽ നിലനിന്നിരുന്ന അറുകൊല ആരാധനയെ ശ്രീ നാരായണ ഗുരുദേവൻ നിരുത്സാഹപ്പെടുത്തിയതായി രേഖപ്പെടുത്തലുകളുണ്ട്.


പൂർവിക അറുകൊലകളിൽ സവിശേഷമായ വിഭാഗമാണ് മന്ത്രവാദി അറുകൊലകൾ. മാന്ത്രികം കൈകാര്യം ചെയ്തിരുന്ന വ്യക്തികൾ മരണപ്പെട്ട് അറുകൊലകളായി കുടിയിരുത്തപ്പെടുന്നു. കൊല്ലം ജില്ലയിലെ വെട്ടിക്കവല ശിവക്ഷേത്രത്തിൽ ഇത്തരത്തിലുള്ള മന്ത്രവാദി അറുകൊലയുണ്ട്.


അറുകൊല പ്രേതത്തെ കാലാന്തരത്തിൽ മുഖ്യധാരാ ഹൈന്ദവ മൂർത്തിയാക്കി മാറ്റുന്ന വ്യവസ്ഥിതിയും കണ്ടുവരുന്നുണ്ട്. ഇത്തരമിടങ്ങളിൽ ആദ്യഘട്ടങ്ങളിൽ അറുകൊലയെ പൂർവികാരാധനാ പദ്ധതിയിൽ തന്നെയാണ് നിലനിർത്തുന്നത്. ഈ ഘട്ടത്തിന്റെ ദൈർഘ്യം ഏകദേശം ഒരു വ്യാഴവട്ടക്കാലം എന്നാണ് പറയപ്പെടുന്നത് എങ്കിലും, നിയതമായൊരു കണക്കില്ല. ശാബര ദേവതകൾക്ക് പൊതുവേ നിവേദ്യമായി നൽകപ്പെടുന്ന അടയ്ക്ക, വെറ്റില തുടങ്ങിയവയാണ് ഈ ഘട്ടത്തിൽ അറുകൊലയ്ക്കും നൽകുന്നത്. ഇതിന് ശേഷമാണ് പ്രസ്തുത സങ്കല്പം ഒരു താന്ത്രിക വിധാനത്തിലേക്ക് പരിവർത്തനപ്പെടുന്ന ഘട്ടമെത്തുന്നത്. ഇക്കാലയളവിൽ നിവേദ്യ വസ്തുക്കൾ ഉൾപ്പെടെയുള്ളവ മാറുവാൻ തുടങ്ങും. മുഖ്യധാരാ ഹൈന്ദവ മൂർത്തികളുടെ മന്ത്രങ്ങൾ ഉപയോഗിച്ചുള്ള അർച്ചനയും മറ്റും നിലവിൽ വരും. ഇത്തരത്തിൽ കാലാന്തരത്തിൽ അറുകൊല തന്റെ ആദിമ രൂപഭാവങ്ങൾ ഉപേക്ഷിച്ച് ശൈവ വർഗ്ഗത്തിലോ വിഷ്ണു വർഗ്ഗത്തിലോ ദേവീ വർഗ്ഗത്തിലോ ഉൾപ്പെട്ട് അതിന്റെ സ്വഭാവം മാറ്റപ്പെടുന്നു.


ക്ഷേത്രാരാധനാ സമ്പ്രദായങ്ങളിലെ അറുകൊല


തന്ത്രസമുച്ചയത്തിലും മറ്റ് ഗ്രന്ഥങ്ങളിലോ ഒന്നും തന്നെ അറുകൊലകൾക്ക് പൂജാവിധാനങ്ങളുടെ പരാമർശങ്ങൾ ഇല്ല. എങ്കിലും കേരളത്തിൽ തന്ത്രസമുച്ചയം അടിസ്ഥാനമാക്കിയുള്ള ക്ഷേത്രതന്ത്രം വ്യാപകമായതോടെ പ്രാദേശികമായി ഉണ്ടായിരുന്ന അറുകൊലകളെ ക്ഷേത്രത്തിൽ ഉപദേവതകളായി കുടിയിരുത്തുന്ന സമ്പ്രദായം വ്യാപകമായി. ഇക്കാരണത്താൽ ആധുനികകാലത്ത് ഏറ്റവും അധികം അറുകൊലകൾ കേന്ദ്രീകരിച്ചിരിക്കുന്നത് ഇത്തരം ക്ഷേത്രങ്ങളിലാണ്. ഭൂരിഭാഗം ക്ഷേത്രങ്ങളിലും അറുകൊലകളുടെ സ്ഥാനം ക്ഷേത്രമതിൽക്കെട്ടിന് പുറത്താണ് (എന്നാൽ മന്ത്രവാദി അറുകൊലകൾ നാലമ്പലത്തിനകത്തായാണ് കാണപ്പെടുന്നത്). ആധുനികകാലത്ത് നവീകരണം നടന്ന ക്ഷേത്രങ്ങളിൽ ഒരു പീഠമോ സമചതുരാകൃതിയിലുള്ള ശിലിയോ ഉപയോഗിച്ച് അവയെ പ്രതിനിധീകരിക്കുന്നു. ശിവപഞ്ചാക്ഷരി ചൊല്ലി ഒരു വിളക്ക് കൊളുത്തൽ മാത്രമാണ് ഇവിടങ്ങളിൽ നടത്തുന്ന കർമ്മം. ചില കെട്ടുകേൾവികൾ ഒഴികെ അറുകൊലകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഭൂരിഭാഗം സ്ഥലങ്ങളിലെയും പ്രദേശവാസികൾക്കോ ക്ഷേത്രതന്ത്രിക്കോ പോലും വ്യക്തമായി വിവരിച്ചു നൽകാൻ സാധിക്കാത്ത വിധം അറുകൊലകളുടെ സങ്കല്പ പശ്ചാത്തലം നഷ്ടപ്പെട്ടു പോയിരിക്കുന്നു.


ശാബര തന്ത്രത്തിലെ അറുകൊലകൾ


ആദ്യം സൂചിപ്പിച്ച നരവംശശാസ്ത്ര സർവേകളെല്ലാം സൂചിപ്പിക്കുന്നത് പ്രാചീനകാലത്ത് അറുകൊല സജീവമായി നിലനിന്നിരുന്നത് അടിസ്ഥാന ജനവിഭാഗങ്ങളിലായിരുന്നു എന്നാണ്. ഭൂരിഭാഗം ഇടങ്ങളിലും ഇതൊരു പ്രേതാരാധന എന്ന നിലയിലാണ് തുടർന്നു വന്നത്; അപൂർവം ഇടങ്ങളിൽ ശാബര ദേവത സങ്കല്പങ്ങൾക്കൊപ്പം അറുകൊല (അറുകല എന്നും കാണുന്നു) എന്ന് ചേർത്ത് കാണുന്നുണ്ട്.


ആധുനികകാലത്ത് ഇത്തരത്തിൽ നിലനിൽക്കുന്ന ദേവതകൾക്ക് ഉദാഹരണമാണ് പത്തനംതിട്ടയിലെ കല്ലേലി അപ്പൂപ്പൻ കാവിൽ കൊച്ചുകുഞ്ഞു അറുകോലയും മലവാര സമ്പ്രദായത്തിലെ അറുകല കരിങ്കുട്ടി ചാത്തനും. ഉഗ്രശക്തി എന്നതിന്റെ സൂചനയായി തന്നെ ആയിരിക്കണം അറുകൊല എന്ന് ഈ സന്ദർഭത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, ചാത്തന്മാരിൽ ഉഗ്രശക്തിയുള്ള ഒരാളായാണ് കരിങ്കുട്ടി ചാത്തനെ സങ്കൽപ്പിച്ചിരിക്കുന്നത്. കരിങ്കുട്ടി ചാത്തൻ സേവയ്ക്കായി ഉപയോഗിക്കുന്ന പ്രാദേശികമായി ചിലയിടങ്ങളിൽ നിലവിലുള്ള വിളിച്ചു ചൊല്ലൽ പ്രാർത്ഥനകളിലാണ് ‘അറുകൊല’ എന്ന വിശേഷണം കാണുന്നത്. പ്രസ്തുത വിളിച്ചു ചൊല്ലൽ ചുവടെ കൊടുക്കുന്നു:


"നിറകുടം കള്ളും നിണമൊഴുകും കരി കോഴിയും

അരപറ വയറും പൊരിയും പന്ത്രണ്ട് പന്തവും

കന്നിപ്പേറു എരുമയും വച്ച്

ഏഴുകോൺ മുഴങ്ങും ശംഖ് വിളിയും തന്ന്

ഒരാളിക്കാവലാളായി വാഴും

കരിനാഗത്തെ ഇടക്കയ്യിൽ പിടിച്ചും

മറുകയ്യിൽ ഇലഞ്ഞിവടിയും പിടിച്ചുനിൽക്കണെ

അറുകൊല കരിങ്കുട്ടി ചാത്താ ഠം ഠം ക്രീം ഓം"


                                                                                          വിളിച്ചു ചൊല്ലലുകളിൽ പ്രതിപാദിക്കപ്പെടുന്ന
                                                                                            കരിം കുട്ടി ചാത്തന്റെ രൂപം


കരിങ്കുട്ടി ചാത്തനു പുറമേ മറ്റൊരു അറുകൊല കൂടി ചില മലവാര ഐതിഹ്യങ്ങളിൽ ഉണ്ട്. അത് കൂളിവാക ദേവിയുടെ മക്കളിൽ മുതിർന്നവനായ കുട്ടിയായിരുന്നു. അമ്മയും മക്കളും കൈലാസയാത്ര നടത്തുന്നതിനിടെ ഈ കുട്ടി വെള്ളത്തിൽ വീണു മരണപ്പെടുകയും അറുകൊല ചാത്തൻ എന്ന് അറിയപ്പെടുകയും ചെയ്തു. ഈ അറുകൊല ചാത്തൻ മനുഷ്യരിൽ ആത്മഹത്യ പ്രവണത സൃഷ്ടിക്കുന്നു എന്നാണ് അക്കാലങ്ങളിലെ വിശ്വസം. കരിക്കുട്ടി ഉൾപ്പെടെ 335 ചാത്തന്മാരും ഒരു അറുകൊലയും എന്ന ഈ ദേവതാസമുച്ചയ വിശ്വാസം നിലനിർത്തുന്നത് പുലയ സമുദായത്തിലാണ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.


സമൂഹചരിത്രത്തിലെ അറുകൊല


ഒരു ആരാധനാമൂർത്തി എന്നതിലുപരി തങ്ങളുടെ പൂർവികന് സംഭവിച്ച ദാരുണവും അനീതികരവുമായ വധത്തെ ഒരിക്കലും മറക്കുവാനും പൊറുക്കുവാനും ഇടവരാതെ ഒരു കുലസ്മൃതിയായി, ഒരു കദനഗാഥയായി, ഒരു പ്രതികാര-മന്ത്രണമായി കാത്തുസൂക്ഷിക്കുന്നതിനായുള്ള സാംസ്കാരിക ഏലസ്സായി അറുകൊല സങ്കല്പം ഉപയോഗിക്കപ്പെടുന്നു. അറുകൊല എന്ന പേര് ഇല്ലായിരുന്നാലും മാർത്താണ്ഡവർമ്മയുടെ വാളിനിരയായ നായർ കുടുംബ കാരണവർമാർ ഒന്നാകെ സമാന വിധാനത്തിലേയ്ക്ക് ഉയർന്നിട്ടുള്ളവരാണ്. നൂറ്റാണ്ടുകൾ കടന്നുപോയെങ്കിലും ആ ദുരന്തസ്മൃതിയിൽ പിൻതലമുറക്കാർ ഇപ്പോഴും മാർത്താണ്ഡവർമ്മയുടെ പരലോകപ്രാപ്തി തടസ്സപ്പെടുത്തുന്നതിനായി താന്ത്രിക കർമ്മങ്ങൾ നടത്തിവരുന്നു.


   വേട്ടടി ഭഗവതി ക്ഷേത്രത്തിൽ എട്ട് വീട്ടിൽ പിള്ളമാരുടെ
     ഭൌതിക അവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലം


സാമൂഹ്യശാസ്ത്രപരമായ വിശകലനത്തിൽ ശ്രദ്ധയിൽപ്പെടുന്ന രസകരമായ കാര്യമാണ് അറുകൊലകൾ എല്ലാം പുരുഷന്മാരാണ് എന്നുള്ളത്. ഒരു സ്ത്രീ ആരുംകൊല ചെയ്യപ്പെട്ടാൽ അവൾ അറുകൊല ആകില്ല; പകരം യക്ഷിയോ മറുതയോ ആയാണ് മാറുന്നത്. അതുപോലെ അറുകൊലകൾക്ക് നിയതമായ രൂപം ഒരിടത്തും നിർവചിക്കപ്പെട്ടിട്ടില്ല. പ്രാചീന ആരാധനസ്ഥലങ്ങളിൽ നിയതരൂപമില്ലാത്ത ശിലയായും ആധുനിക ക്ഷേത്രങ്ങളിൽ ചതുരാകൃതിയിലുള്ള ശിലയായും അറുകൊല നിലനിൽക്കുന്നു.


ഒരു കാലഘട്ടത്തിൽ കേരളത്തിന്റെ ആത്മീയ–സാമൂഹ്യ രംഗവേദികളിൽ സജീവമായി നിലനിന്നിരുന്ന അറുകൊല സങ്കല്പം ഇന്ന് ഏതാനും തുരുത്തുകളിലേയ്ക്ക് ചുരുങ്ങിയിരിക്കുന്നു. ഒരു കാലത്ത് പൂർവികാത്മക സാന്നിധ്യമായി പിൻതലമുറക്കാരുടെ ദേഹങ്ങളിൽ ആവേശിച്ച് ഉറഞ്ഞുതുള്ളിയിരുന്ന അറുകൊലയച്ഛൻമാർ കുടുംബസ്ഥാനങ്ങളിൽ നിന്നും തറകളിൽ നിന്നും നിഷ്കാസനം ചെയ്യപ്പെട്ട് ക്ഷേത്രമതിൽക്കെട്ടിന് പുറത്തുള്ള ഒരനാമിക സ്ഥലിയിൽ ഒരു സന്ധ്യാദീപത്തിന്റെ ഇത്തിരിവെട്ടത്തിൽ മൗനികളായിരിക്കുന്നു. ശാസ്ത്രീയചിന്തയും സാങ്കേതികമായി ക്രമീകരിക്കപ്പെട്ട തന്ത്രസമുച്ചയ ആചാരവിധാനങ്ങളുടെയും തിരതള്ളലുകളിൽ അറുകൊലയെന്ന അപമൃതുസ്മൃതിയുടെ കാലാന്തര പ്രയാണം ഏകദേശം അവസാനിക്കുന്ന ഘട്ടത്തിലായിരിക്കുന്നു.

No comments:

Post a Comment