കുട്ടികൾക്ക് ചോറ് കൊടുക്കാൻ നേരം കപ്പടാ മീശക്കാരനായ മാമനെ ചൂണ്ടിക്കാട്ടി പേടിപ്പിക്കാറുണ്ട് അമ്മമാർ. ഇതറിയാവുന്ന മാമനാകട്ടെ, കുട്ടികളുടെ മുന്നിൽ ഗൗരവം വിടാതെ അഭിനയിക്കുകയും ചെയ്യും. പക്ഷേ, അല്പം ധൈര്യവും സാഹസവും ആവശ്യമുള്ള നിമിഷങ്ങളിൽ ആ കുട്ടികളുടെ ഏക ആശ്രയം ഇതേ മാമൻ തന്നെയായിരിക്കും. അക്രമകാരിയായ തെരുവുനായയെ ഓടിക്കാനോ, അമ്പലക്കുളത്തിൽ നീന്തൽ പഠിപ്പിക്കാനോ, ഉൽസവപ്പറമ്പിലെ ആനയുടെ തൊട്ടടുത്ത് തോളത്തിരുത്തി കൊണ്ടുപോകാനോ ആ മാമൻ വേണം. കാലക്രമത്തിൽ കുട്ടികളിലെ ഭയം ബഹുമാനമായും സുരക്ഷിതബോധമായും മാറും; അവരുടെ ജീവിതത്തിൽ ആ കപ്പടാ മീശക്കാരൻ ഒരു കാവലാളായി ഉയരും.
ഏതാണ്ട് ഇതേ രീതിയിലുള്ള ഒരു ദക്ഷിണേന്ത്യൻ ദേവതാ സങ്കൽപ്പമാണ് മാടൻ. കപ്പടാ മീശയും ചുകചുകന്ന കണ്ണുകളും കാരിരുമ്പിൻ്റെ ശരീരവുമുള്ള എന്നാൽ ഭക്തഹൃദയങ്ങളിൽ ഇരുട്ടിൻ്റെ ശക്തികളിൽ നിന്നുമുള്ള രക്ഷാസാനിദ്ധ്യമായി നിലകൊള്ളുന്ന മാടൻ. വെറും മാടൻ അല്ല, മാടൻ തമ്പുരാൻ അല്ലെങ്കിൽ മാടൻ സ്വാമി, അങ്ങനെയാണ് അഭിസംബോധന.
ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിലെ മാടൻ ഉപദേവത പ്രതിഷ്ഠ
ഒറ്റ നോട്ടത്തിൽ മാടൻ തമിഴകത്തിൻ്റെ, തമിഴ് ഗ്രാമീണതയുടെ ദേവതയാണ്. തമിഴകമാണ് മാടൻ ആരാധനയുടെ എങ്കിലും കേരളത്തിലെ തനതായ ആരാധനാ പാരമ്പര്യങ്ങളിൽ മാടനുണ്ട്. അനുഷ്ഠാന കലകളിലും ഗ്രാമാന്തരങ്ങളിലെ ഐതിഹ്യങ്ങളിലുമുണ്ട്. യുഗങ്ങളിലൂടെ പടർന്നു പരന്നൊഴുകുന്ന ഈ രക്ഷാദേവതാ കൽപ്പനയുടെ ചരിത്രം, താന്ത്രികവിധാനം, പരിണാമഗുപ്തികൾ, ഭാവ വൈവിധ്യങ്ങൾ, ഉൾപ്പിരിവുകൾ, തുടങ്ങിയവയിലേക്കുളള യാത്ര ഒരേ സമയം രസകരവും ആകാംക്ഷാഭരിതവുമാണ്.
പദോൽപ്പത്തി
സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയായി നാൽക്കാലികൾ നിലനിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് മാടൻ സങ്കൽപ്പത്തിന്റെ ജനനമുഹൂർത്തം എന്നാണ് ഗവേഷകരുടെ അനുമാനം. നാൽക്കാലികൾ എന്നർത്ഥമുള്ള തമിഴകപദമാണ് മാട്. മാടിനെ മേയ്ക്കുന്നവൻ, മാടിനെ കാത്തു രക്ഷിക്കുന്നവൻ , മാടിൻ്റെ അധിപൻ എന്നിങ്ങനെയുള്ള അർത്ഥതലങ്ങളിലൂടെ വികസിച്ചു വന്ന പദമാണ് 'മാടൻ' എന്ന് അനുമാനിക്കപ്പെടുന്നു. ഇതുപോലെ മലയാളത്തിൽ വീട്, കാവൽസ്ഥലം എന്നൊക്കെയർത്ഥമ്മുള്ള മാടം എന്ന പദമുണ്ട്. മാടത്തിലെ നായകൻ, കാവൽക്കാരൻ എന്ന രീതിയിൽ മാടൻ പദം രൂപപ്പെട്ടുവെന്ന വാദങ്ങളുമുണ്ട്.
(മാടനെ പൂർണമായും ശൈവവൽക്കരിക്കുവാൻ 'മഹാ നടൻ' എന്നത് ലോപിച്ചുണ്ടായ പദമാണ് മാടൻ എന്നും ആധുനിക കാലത്ത് വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുള്ളത് ഇവിടെ പരിഗണിച്ചിട്ടില്ല. കൂടാതെ മാടൻ എന്ന പദത്തിന് മലയാളത്തിൽ ബുദ്ധിയില്ലാത്തവൻ എന്നൊരു അർത്ഥം കൂടി ഉള്ളതും ഇവിടെ പരിഗണിച്ചിട്ടില്ല. കാരണം മുഖ്യധാരാ ഹൈന്ദവ മലയാളികളെ സംബന്ധിച്ച് മാടൻ, തമിഴൻ്റെയും അടിസ്ഥാന വർഗ്ഗക്കാരുടെയും ദൈവമാണ്. ആ ജനതയെ കുറിച്ചുള്ള പരിഹാസ കൽപ്പനകൾ അവരുടെ ദേവനെ കുറിച്ചും ഉണ്ടാവുക എന്നുള്ള ഒരു സ്വാഭാവികതയാണ്. അങ്ങനെയുണ്ടായതാണ് ശബ്ദതാരാവലിയിൽ കടന്നുകൂടിയ ഈ അർത്ഥം)
ഈ രണ്ട് വാദങ്ങളും പൊതുവായി ചൂണ്ടിക്കാട്ടുന്ന ഒന്നുണ്ട് - മാടൻ്റെ കാവൽ / രക്ഷാ ഭാവം ! അങ്ങനെ പ്രാചീന മലയാള - തമിഴ് സംസ്കാരങ്ങളിൽ വിവിധ രക്ഷാ ദേവതകൾക്ക് പൊതുവിൽ നൽകപ്പെട്ടിരുന്ന പദമായി, പദവിയായി മാടൻ മാറി. ചുരുക്കത്തിൽ മാടനെന്നാൽ ഒരാളല്ല, ഒരുപാട് പേരുണ്ട്. അവരിൽ ഒരാളായ ചുടല മാടൻ / സുടലൈ മാടനാണ് ഈ ലേഖനത്തിൻ്റെ വിഷയം.
ഏറ്റവുമധികം പറയപ്പെട്ടതും പഠിക്കപ്പെട്ടതുമായ മാടൻ സങ്കൽപ്പമാണ് ചുടലമാടൻ അഥവാ സുഡലൈ മാടൻ. ഗ്രാമാന്തരങ്ങളിലെ ഐതിഹ്യങ്ങളിലേയും സർവ്വകലാശാലകളിലെ ഗവേഷണ പ്രബന്ധങ്ങളിലേയും സജീവസാനിദ്ധ്യം. പ്രാദേശികമായി പിറവിയെടുത്ത നിരവധി മാടൻ ഭാവങ്ങളുടെ മൂലസങ്കൽപ്പം.
ഐതിഹ്യപരമായി ചുടലമാടൻ ശിവപുത്രനാണ്. അതീവ ശക്തൻ. അഗ്നിയിൽ സ്ഫുടം ചെയ്യപ്പെട്ടവൻ. തലയില്ലാത്ത കരുത്താർന്ന ഉടൽ മാത്രമുള്ളവനെന്ന് ചില ഐതിഹ്യങ്ങൾ. സ്വർണ്ണനാണയങ്ങൾ നിറച്ച പെട്ടി ചങ്ങലയിൽ കെട്ടി കൈലാസത്തിലൂടെ വലിച്ചിഴച്ചു നടക്കുന്ന ദേവൻ. പക്ഷേ ദേവൻമ്മാർക്ക് ചേരാത്ത ഒരു സ്വഭാവം കൂടിയുണ്ട് - ചുടല ഭൂമിയോടുള്ള ഇഷ്ടം. പോരാഞ്ഞ് അടങ്ങാത്ത വിശപ്പ് ശമിപ്പിക്കുവാൻ ശവശരീരങ്ങൾ ഭക്ഷണമാക്കുന്ന ശീലവും!. ഒടുവിൽ ശിവൻ പുത്രനെ ഭൂമിയിലേയ്ക്ക് അയച്ചു - ചുടലസ്ഥലികളിൽ ഇരുട്ടിൻ്റെ ശക്തികളിൽ നിന്നും മനുഷ്യരെ കാത്തരുളുക, അവർക്ക് രക്ഷകനാവുക - എന്ന നിയോഗത്തോടെ.
ചുടല മാടൻ - തമിഴ്നാട്
ഈ ആവിർഭാവ കഥയാണ് പിന്നേട് കേരളത്തിലെ മുത്തശ്ശികഥകളിലും കേട്ടുകേൾവികളിലുമുള്ള വിവിധ തരം മാടൻമ്മാർക്ക് പ്രചോദനമേകിയത്.
അതിലൊന്നാമത്തേത് രാത്രികളുടെ അഗാധയാമങ്ങളിൽ ചുടലകളിൽ നിന്നും ചുടലകളിലേയ്ക്ക് ഒരു അഗ്നിഗോളമായി, ഒരു നിമിഷാർദ്ധ ജ്വാലയായി ചുടലമാടൻ സഞ്ചരിക്കുന്നുവെന്ന കഥയാണ്. രാത്രിയിൽ ശ്മശാന ഭൂമികളിൽ ഫോസ്ഫീൻ എന്ന രാസവസ്തു അഗ്നിയ്ക്ക് കാരണമാവുകയും അതിനു പിന്നിൽ ഒരതീന്ദ്രീയ ശക്തിയുടെ പ്രവർത്തനമാണെന്ന് ഭാവന ചെയ്യുന്നതും പ്രാചീന ലോകത്താകമാനമുള്ള പ്രതിഭാസമായിരുന്നു. അക്കൂട്ടത്തിലേയ്ക്കുള്ള നമ്മുടെ സംഭാവനയാണിത്.
കൈലാസത്തിൽ തലയില്ലാത്ത രൂപമായി മാടൻ ആവിർഭവിച്ചു എന്നതിൻ്റെ ചുവടു പിടിച്ച് കേരളത്തിലുണ്ടായ വകഭേദമാണ് നെരിപ്പോട് മാടൻ. പേര് സൂചിപ്പിക്കുന്നത് പോലെ കൈയിലൊരു നെരിപ്പോടും പിടിച്ച് നിശീഥിനിയിൽ കവാത്ത് നടത്തുന്ന രൂപം. ഇതുപോലെ ചങ്ങലയും വലിച്ചിഴച്ചു നടക്കുന്ന ചങ്ങലമാടനുണ്ട്. സഞ്ചാരപാതയിൽ തടസ്സമായി നിൽക്കുന്ന മനുഷ്യനെ, മൃഗങ്ങളെ ഒക്കെ അടിച്ചുവീഴ്ത്തുന്നുവെന്ന ദുഷ്പേരിനുടമ. ഈ രണ്ട് വകഭേദങ്ങളും ആരാധനാ മൂർത്തികളല്ല. ഗ്രാമങ്ങളിൽ പ്രചരിച്ച കേട്ടുകേൾവികളിൽ മാത്രമുള്ള കഥാപാത്രങ്ങളാണ്. പ്രാചീന തമിഴ് - ശാബര ദേവതകളെ ദുർമ്മൂർത്തികളാക്കി കഥകൾ മെനയുന്ന മലയാളത്തിൻ്റെ പൊതുശൈലിയുടെ ഉദാഹരണമാണ് ഇത്തരം മാടൻ കഥകൾ.
തമിഴകത്ത് കാവൽ ദൈവങ്ങൾ എന്ന പേരിൽ ഒരു കൂട്ടം സങ്കൽപ്പങ്ങളുണ്ട്. മാടൻ അതിലൊരാളാണ്. കറുപ്പസ്വാമി, മുനിയാണ്ടി, മുനീശ്വരൻ, അയ്യനാർ തുടങ്ങി വേറെയുമുണ്ട്. ഏതാണ്ട് ഒരേ പോലെയെങ്കിലും ഇവരെല്ലാം വ്യത്യസ്തരാണ്. എന്നാൽ ആധുനിക കാലത്ത് ഇവരെയെല്ലാം തമ്മിൽ കൂട്ടിക്കുഴച്ച് പര്യായങ്ങളായി പറയുന്നുണ്ട്, കേരളത്തിലെ പല പ്രാദേശിക മാടൻ കേട്ടുകേൾവികളിലും ഈ കൂടിക്കുഴയൽ കാണാനാകും.
ശൈവ ശാക്തേയ തന്ത്രത്തിലെ ചുടലമാടൻ
വേദേതിഹാസങ്ങൾ, പുരാണങ്ങൾ എന്നിവയൊന്നും മാടനെക്കുറിച്ച് പരാമർശിക്കുന്നില്ല. എന്നാൽ ശൈവ താന്ത്രിക പാരമ്പര്യങ്ങളിൽ മറ്റൊരു പേരിൽ മാടനുണ്ട് - സാക്ഷാൽ ഭൈരവൻ !
നേപ്പാളിലും കാശ്മീരിലും ബംഗാളിലും നിലവിലുള്ള ശൈവ - ശാക്തേയ താന്ത്രിക പാരമ്പര്യങ്ങളിൽ പ്രമുഖ സ്ഥാനമാണ് ഭൈരവ മൂർത്തിക്കുള്ളത്. ഉൽഭവ കഥ, രൂപ - ഭാവങ്ങൾ, വാഹന മൃഗം (നായ), നിവേദ്യ വസ്തുക്കൾ, ശ്മശാനവുമായുള്ള ബന്ധം, രക്ഷാ ധർമ്മം, അഗ്നിയുമായുള്ള ബന്ധം തുടങ്ങിയവ ഭൈരവനും ചുടല മാടനും തമ്മിലുള്ള സാദൃശ്യങ്ങളിൽ ചിലത് മാത്രമാണ്. ഭൈരവന് അകമ്പടിയായി താന്ത്രിക സമ്പ്രദായങ്ങളിൽ അതിവിപുലമായ സംസ്കൃത മന്ത്ര സാഹിത്യവും തത്വചിന്തയുമുണ്ട്. എന്നാൽ ചുടലമാടൻ ഇതൊന്നുമില്ലാതെ ദക്ഷിണേന്ത്യൻ ഗ്രാമീണതയിൽ ഒരു കാവൽ ദേവതയായി വാണരുളുന്നു എന്നതാണ് വ്യത്യാസം.
ഭൈരവ മൂർത്തി - നേപ്പാൾ
എങ്ങനെയാണ് ഭൈരവൻ ദക്ഷിണേന്ത്യൻ ഗ്രാമീണ ജനതയുടെ ചുടല മാടനായത് എന്നതിന് ഒരു ചരിത്ര പശ്ചാത്തലമുണ്ട്. ഏകദേശം ആറാം നൂറ്റാണ്ട് മുതൽ പന്ത്രണ്ടാം നൂറ്റാണ്ട് വരെ തമിഴകത്ത് നിലനിന്നിരുന്ന രണ്ട് ശൈവ ഉപാസന പരമ്പരകൾ ഉണ്ടായിരുന്നു - കാലമുഖരും കാപാലികരും. ഈ രണ്ട് സമ്പ്രദായങ്ങളിലെയും പ്രധാന മൂർത്തീ സങ്കൽപ്പമായിരുന്നു ഭൈരവൻ. ചുടലയ്ക്കും ചുടല ഭസ്മത്തിനും പഞ്ചമകാര പൂജകൾക്കും തലയോട്ടിയ്ക്കുമെല്ലാം ഇവരുടെ ഉപാസനാ കർമ്മങ്ങളിൽ സ്ഥാനമുണ്ടായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടോടു കൂടി ചരിത്രത്തിൽ നിന്നും ഇവർ അപ്രത്യക്ഷരായി. ഈ പരമ്പരകൾ അന്യം നിന്നു പോയി എങ്കിലും ഇവരുടെ തത്വ ചിന്ത, അനുഷ്ഠാനങ്ങൾ, ദേവതാ സങ്കൽപ്പങ്ങൾ എന്നിവ അവശേഷിക്കപ്പെട്ടു. ഇവയെല്ലാം ഗ്രാമീണ ജനതയുടെ വിശ്വാസ ധാരകളിലേയ്ക്ക് ചേക്കേറി. കൂട്ടത്തിൽ ഭൈരവ മൂർത്തി അതിവിപുലമായ സ്വന്തം താന്ത്രിക വിധാനങ്ങൾ ഉപേക്ഷിച്ച് ചുടല മാടനായി പരിണമിച്ചു.
ശാബര മാന്ത്രികത്തിലെ മാടൻ
നാടൻ മാന്ത്രിക കർമ്മങ്ങളിൽ കാര്യസാദ്ധ്യത്തിനായും ശത്രുസ്തംഭനം പോലെയുള്ള കർമ്മങ്ങൾക്കായുമുള്ള ഒരു സേവാമൂർത്തിയായാണ് ചുടലമാടൻ പ്രത്യക്ഷപ്പെടുന്നത്. ഗിരിജന ജനതയുടെ കാവുകളിലും മറ്റും മാടന് വിളിച്ച് ചൊല്ലിയുള്ള പ്രാർത്ഥനകളാണുള്ളത് . കാലക്രമത്തിൽ ശാബര സമ്പ്രദായവും സംസ്കൃത ഭാഷ അടിസ്ഥാനത്തിലുള്ള സമ്പ്രദായവും തമ്മിൽ ഉണ്ടായ കൂടിക്കലരൽ ഈ മന്ത്രങ്ങളിലും കാണാവുന്നതാണ്. അത്തരത്തിലുള്ള രണ്ട് മന്ത്രങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്.
മന്തം 1
ഓം നമോ ഭഗവതേ
ഓം ശിവ പരം
ശിവശക്തിയോടെയും തീയിൽ പിറന്ന
മാടൻ തമ്പുരാനും ഭൂതവൃന്ദങ്ങളും
എൻ ചൊല്ല് കേൾ ഗുരുവിനാണെ ഫലിക്ക
മന്ത്രം ഫലിക്ക സ്വാഹാ
മന്ത്രം 2
ഓം നമോ ഭഗവതോം ഓം മാടാ മാടാ കാട്ടുമാടാ
ചുക്ക ചുടല കാട്ടുമാടാ
വാ വാ വന്നെൻ കുരൽ കേട്ടു നിൽക്ക
അടി അടി മാടാ പിടി പിടി മാടാ
കെട്ടുന്നോരുടെ മൂക്കും കണ്ണും കെട്ടിച്ചുരുട്ടി പിടി
കൂട്ടരെക്കൊണ്ട് വിളയാടി വാ വാ
മറുത്തോരുടെ ആൺമയെ കെട്ടി പെൺമയെ കെട്ടി
ദിശയെ കെട്ടി ഉടലെ കെട്ടി പിണക്കമാക്കി നിൽക്ക
സ്വാമി എപ്പേടി തന്നാലും നിനയാതെയാടുക്കാതെ
പേർ പോലും ചൊല്ലാതെ
ഐം ക്ളീം സൌം എന്നു നിരൂപിച്ചപ്പോൾ
എന്നെ തടുത്ത ശക്തിയാരാകിലും
തല നശിച്ചു പോക സ്വാഹാ
മന്ത്രം 3
ഹരി ഓം മുറിപ്പാലത്തടി മാടാ നമോ നമ
ഹരി ഓം ഭഗവതി പുത്രാ വീരദീവ്രാ നമോ നമ
ജയം കിലിയും സൊലവും നസി മസി വാ വാ
ആനന്ദ മാടാ ചുടലൈ മാടാ ഇക്കി മാടാ ഓം ഓം!
അരുള്‍ തരുന്ന മാടാ നീ വരവേണം ഒളി താവേണം
അരി ഓം അരി ഓം അരി അരി ഓം വസി വസി വാ വാ
സംസ്കൃത മന്ത്രങ്ങളിലെ മാടൻ
വിളിച്ചുചൊല്ലിയുള്ള ഗ്രാമീണാരാധനയുടെ രംഗഭൂവിൽ നിന്ന് സംസ്കൃത മാന്ത്രികത്തിലേയ്ക്ക് മാടൻ കുടിയേറിയിട്ട് കാലമധികമായിട്ടില്ല. ധ്യാനം, ന്യാസം, തുടങ്ങിയവയോട് കൂടിയ സംസ്കൃത മാടൻ മന്ത്രങ്ങൾ അത്യപൂർവമാണ്. നിലവിലുള്ളവയിൽത്തന്നെ മാടനെ ശിവനായും, ഭൂതനാഥനായും ഒക്കെയാണ് അഭിസംബോധന ചെയ്യുന്നത്. ഈ മന്ത്രങ്ങൾ ആഗമങ്ങളിലോ തന്ത്ര സമുച്ചയം പോലെയുള്ള ഗ്രന്ഥങ്ങളിലോ ഉള്ളതല്ല, അടുത്ത കാലഘട്ടങ്ങളിൽ സൃഷ്ടിക്കപ്പെട്ടവയാണ്.
ചുടല മാടൻ ഗായത്രി എന്ന പേരിൽ കാണപ്പെടുന്ന ഒരു സംസ്കൃത മന്ത്രം ഇങ്ങനെയാണ്
ഓം പരാക്രമായ വിദ്മഹേ
മഹാവീരായ ധീമഹി
തന്നോ ശിവ സുഡലേശ്വരായ
പ്രചോദയാത്
ക്ഷേത്ര ആരാധനയിലെ ചുടലമാടൻ
ചുടല മാടൻ ആരാധനയുടെ പ്രധാന കേന്ദ്രങ്ങൾ തമിഴ്നാട്ടിലാണ്. അവിടെ നിന്നും തെക്കൻ തിരുവിതാംകൂറിലേക്കും തമിഴ് ജനതയുടെ കുടിയേറ്റമുണ്ടായിരിക്കുന്ന ഇടങ്ങളിലേയ്ക്കും പ്രസരിച്ചിരിക്കുന്നു. കേരളത്തിൽ ദക്ഷിണാചാരം പിൻപറ്റുന്ന ക്ഷേത്രങ്ങളിൽ ഉപദേവതയായും ഗിരിവർഗ്ഗ ജനതയുടെ ആരാധനാസ്ഥലികളിൽ മുഖ്യദേവതയായും മാടനുണ്ട്.
കാലങ്ങൾക്ക് മുൻപ് ചുടല മാടൻ ചുടല ഭൂമികൾക്ക് സമീപം ഒരു കല്ലായി, ഒരു രക്തവർണമാർന്ന പട്ടായി, ഒരു ആൽമരചുവടായി ആരാധിക്കപ്പെട്ടിരുന്നു എന്നാണ് രേഖകളിൽ കാണാൻ കഴിയുന്നത്. കൂടാതെ ഗ്രാമാതിർത്തികൾ, കാലിക്കൂട്ടം സ്ഥിരമായി കടന്നു പോകുന്ന വഴികൾ എന്നിവിടങ്ങളിലുമുണ്ട്. ഗ്രാമീണരിൽ നിന്നും മൃഗബലി നേരിട്ട് സ്വീകരിക്കുന്ന, മനുഷ്യരക്തവും പനങ്കള്ളും പുകയിലചുരുട്ടും നിവേദ്യമായി വാങ്ങുന്ന, 'കൊടൈ' എന്ന് വിളിപ്പേരുള്ള ഉൽസവങ്ങളിൽ വെളിച്ചപ്പാടിന്റെ ശരീരത്തിലേക്ക് ആവേശിച്ചുറഞ്ഞുതുള്ളുന്ന ഒരു ദേവൻ. ശ്രീകോവിലുകളില്ലാതെ 'തറ'യിൽ വാണരുളിയിരുന്ന ഒരു സങ്കൽപ്പം.
ശതാബ്ദങ്ങളിത്രയും കടന്ന് വന്നെത്തി നിൽക്കുമ്പോൾ ഗ്രാമങ്ങൾ പട്ടണങ്ങളായി, ചുടലക്കാടുകളിലൂടെ റോഡുകൾ വന്നു, തെരുവുകൾ വളർന്നു. ചുടല മാടൻ തറകൾ വിട്ട് കോവിലിലേക്കും പിന്നേട് ശ്രീകോവിലുകളിലേക്കും ചേക്കേറുവാൻ തുടങ്ങി. കല്ലുകൾ 'പുടം' എന്ന് വിളിക്കപ്പെടുന്ന പീഡങ്ങളിലേക്കും ഫലകങ്ങളിലേക്കും പൂർണകായ വിഗ്രഹങ്ങളിലേക്കും പരിണമിച്ചു. കൌള - ശാബര സംബ്രദായങ്ങൾ ദക്ഷിണാചാരത്തിന് വഴിമാറി. പഞ്ചമകാര സ്വഭാവമുള്ള നിവേദ്യങ്ങൾക്കു പകരം പഴവും പാൽപായസവും സ്വീകരിക്കുവാൻ തുടങ്ങി. പത്തൊൻപതാം നൂറ്റാണ്ടോടുകൂടിയാണ് ഈ പരിണാമം ദൃശ്യമാകുന്നത്. കേരളത്തിൽ മാടൻ കാവുകൾ ഒട്ടുമുക്കാലും മാടൻ ക്ഷേത്രങ്ങൾ ആയി പരിണമിച്ചപ്പോൾ തമിഴകത്ത് കുറച്ചെങ്കിലും സാവധാനത്തിലാണ് ഈ മാറ്റം സംഭവിക്കുന്നത് എന്ന് മാത്രം. അന്നും ഇന്നും മാറ്റമില്ലാത്തത് ചുടല മാടന്റെ കാവൽ ദേവനെന്ന ഭാവത്തിനാണ്.
മാടൻ ആരാധനയുടെ പരിണാമത്തെ വിലാപസ്വരത്തിൽ ആവിഷ്കരിക്കുന്ന ശ്രദ്ധേയമായ കൃതിയാണ് ബി. ജയമോഹന്റെ മാടൻമോക്ഷം. കള്ളും മാംസവും പുകയിലയും നേരിട്ട് നേദിച്ച് കീഴാള ജനത തങ്ങളിലൊരാളായി പൂജിച്ചിരുന്ന മാടനെ, വരേണ്യവർഗം ഏറ്റെടുക്കുന്നതോടെ ആരാധനാക്രമങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നു. പാലും പഴവും പാൽപ്പായസവും നിവേദിച്ചുകൊണ്ടുള്ള ദക്ഷിണാചാര പൂജകൾ മാടനെ ശ്വാസംമുട്ടിക്കുന്നതും, ഒടുവിൽ തന്റെ പഴയ പൂജകനെ തേടി മാടൻ ഇറങ്ങിത്തിരിക്കുന്നതുമായ രംഗങ്ങൾ ഈ കൃതിയിലുണ്ട്.
ഈ പരിണാമത്തെ പ്രധാനമായും രണ്ട് കാഴ്ചപ്പാടുകളിലൂടെ വിശകലനം ചെയ്യാം:
അധിനിവേശം എന്ന കാഴ്ചപ്പാട്: ദളിതന്റെ തനതായ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും മേലുള്ള സാംസ്കാരിക അധിനിവേശമായാണ് ഒരു വിഭാഗം ഇതിനെ കാണുന്നത്. തങ്ങളുടെ സ്വത്വത്തിന്റെ ഭാഗമായ ദൈവത്തെ വരേണ്യവൽക്കരിക്കുന്നതിലൂടെ ആ സമുദായത്തിന് ദൈവത്തിന്മേലുള്ള ആത്മബന്ധം നഷ്ടപ്പെടുന്നു.
ആരാധനയിലെ ശുദ്ധീകരണം എന്ന കാഴ്ചപ്പാട്: എന്നാൽ ഇതിന് വിരുദ്ധമായ മറ്റൊരു വാദവുമുണ്ട്. കർക്കശമായ വ്രതചര്യകളോടെയും ദൃഢമനസ്സോടെയും നിർവഹിക്കപ്പെടേണ്ട വീരാരാധനാ സമ്പ്രദായമായിരുന്നു മാടൻ പൂജ. എന്നാൽ കാലക്രമേണ, ഇതിലെ മദ്യം, മാംസം, ജന്തുബലി തുടങ്ങിയവയെ മാത്രം അടർത്തിയെടുത്ത് നിയന്ത്രണരഹിതമായി ഉപയോഗിക്കുന്നത് ആരാധനയെ തന്നെ ദുഷിപ്പിക്കുന്നു എന്നാണ് ഈ പക്ഷം വാദിക്കുന്നത്.
ചുരുക്കത്തിൽ, നാട്ടുദൈവങ്ങൾ മുഖ്യധാരാ ഹിന്ദുമതത്തിന്റെ ഭാഗമാകുമ്പോൾ സംഭവിക്കുന്ന സ്വത്വനഷ്ടവും ആചാരപരിഷ്കരണവും തമ്മിലുള്ള സംഘർഷമാണ് ഈ ലഘുനോവൽ ചർച്ച ചെയ്യുന്നത്.
മുളവന ശ്രീ മാടൻ കാവ് ക്ഷേത്രം, കൊല്ലം
ചുടല മാടൻ്റെ പൂർണകായ വിഗ്രഹങ്ങളും ചിത്രങ്ങളും ഏറ്റവുമധികം കേന്ദ്രീകരിച്ചിരിക്കുന്നതും തമിഴ്നാട്ടിലാണ്. ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേയ്ക്ക് സഞ്ചരിക്കുമ്പോൾ മൂർത്തിയുടെ രൂപഭാവങ്ങൾക്ക് വ്യത്യാസമുണ്ടാകുന്നു. വീര ഭാവത്തിലുള്ള യോദ്ധാവിൻ്റെ ഭസ്മം പൂശിയ രൂപമാണ് ചുടലമാടന് വിഗ്രഹങ്ങളിലും ചിത്രങ്ങളിലും നൽകപ്പെട്ടിരിക്കുന്നത്. കടുംനീല, കറുപ്പ്, വെളുപ്പ് നിറമാണ് ഇരു കൈകളിലും ആയുധങ്ങൾ - അരിവാൾ, കുന്തം, വേൽ, വടി, ശൂലം, ഗദ തുടങ്ങിയവയിൽ ഏതെങ്കിലും - വഹിക്കുന്നുണ്ടാകും. ചിലയിടങ്ങളിൽ ചങ്ങലയും തീപ്പന്തവുമുണ്ടാകും. അപൂർവ്വം സ്ഥലങ്ങളിൽ കൈയ്യിൽ തലയോട്ടിയും കാണുന്നു. വാഹനമായി ധവളവർണ്ണമാർന്ന കുതിര, വേട്ടനായ്, കാള എന്നിവയും പ്രാദേശികമായി വ്യത്യാസപ്പെട്ട് കാണുന്നുണ്ട്. ചിലയിടങ്ങളിൽ പത്നീസമേതനായി വാഴുന്നു. ചില തമിഴ് സമുദായങ്ങളുടെ കുലദൈവ പദവിയിൽ മായാണ്ടി എന്ന പേരോടെയും നിലനിൽക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം പൊതുവായി കാണാനാകുന്നത് ശൈവചിഹ്നങ്ങളുടെ പ്രാമുഖ്യമാണ്.
(തമിഴ്നാട്ടിലെ വിവിധ കാവൽ ദേവതകൾ - മാടൻ, മുനിയാണ്ടി, കറുപ്പ സ്വാമി, മുനീശ്വരൻ - തുടങ്ങിയവ നിലവിൽ പലയിടങ്ങളിലും അന്യോന്യം കൂടിക്കുഴഞ്ഞു നിലനിൽക്കുന്ന അവസ്ഥയാണ്. എന്നാൽ അതോടൊപ്പംതന്നെ ഒരേ ഗ്രാമത്തിൽത്തന്നെ ഈ ദേവതകൾക്ക് എല്ലാം പ്രത്യേകം ക്ഷേത്രങ്ങളും പ്രത്യേകം ഉൽസവങ്ങളും ഉണ്ട് എന്നത് വിരോധാഭാസവുമാണ്)
പടയണിയിലെ മാടൻ
ദാരിക - വസൂരിദേവതയുമായുള്ള ഭദ്രകാളിയുടെ യുദ്ധകഥ പ്രമേയമാക്കുന്ന പടയണിയിൽ പോർക്കലി പൂണ്ട ഭദ്രകാളിയെ ശാന്തയാക്കുവാനാടുന്ന കോലങ്ങളിൽ മാടനുമുണ്ട്. പാളയും കുരുത്തോലയും കടുംവർണ്ണങ്ങളും അണിഞ്ഞാണ് മാടൻ കോലം എത്തുന്നത്. ഉഗ്രഭാവത്തിലുള്ള കോലമുഖത്ത് പുറത്തേയ്ക്ക് തള്ളിയ നാക്കും കോമ്പല്ലുകളും ചിലപ്പോൾ നെറ്റിത്തടത്തിൽ മൂന്നാം തൃക്കണ്ണ് പോലെയുള്ള ശൈവ ചിഹ്നങ്ങളും ഉണ്ടാകും. വടി മാടൻ, തൊപ്പി മാടൻ, ചെറ്റ മാടൻ, പുള്ളി മാടൻ, കാലമാടൻ, ഊരു മാടൻ തുടങ്ങിയ ഭാവഭേദങ്ങൾ പടയണിയിലെ മാടൻ കോലങ്ങളിൽ കാണുന്നുണ്ട്. ഗവേഷകരുടെ അഭിപ്രായത്തിൽ പടയണി സമ്പ്രദായത്തിൽ മാടൻ കോലങ്ങൾ കടന്നു വന്നത് മദ്ധ്യകാലഘട്ടങ്ങളിലാണ്.
പത്തനംതിട്ട വലഞ്ചുഴികാവിലെ പടയണി നോട്ടീസിൽ നിന്നും
ഇതര കോലങ്ങളെപ്പോലെ മാടനും തുള്ളിയുറഞ്ഞ് അനുവാചകർക്ക് അനുഗ്രഹം നൽകി ആലസ്യത്തിലേയ്ക്ക് വീണ് അരങ്ങൊഴിയുന്നു.
മാടൻ കോലം - ഇലന്തൂർ പടയണി
ഫോക്ക് ലോൺ സാഹിത്യത്തിലെ മാടൻ
മാടനെക്കുറിച്ചുള്ള ഫോക്ലോർ സാഹിത്യം പ്രധാനമായും തമിഴക പ്രദേശങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് വില്ലു പാട്ടുകളാണ്. മാടന്റെ വിവിധ ഉദ്ഭവകഥകൾ, വീരഭാവ വർണ്ണനകൾ, അഭിവാദ്യങ്ങളും പ്രാർത്ഥനകളും എന്നിവയാണ് വില്ലുപാട്ടുകളിലെ മുഖ്യവിഷയങ്ങൾ. ഇവ കാലക്രമത്തിൽ കൂട്ടിച്ചേർക്കലുകൾക്കും ഒഴിവാക്കലുകൾക്കും വിധേയമായി പരിണമിച്ച് വന്നിട്ടുള്ളവയാണ് എന്നാണ് ഗവേഷകരുടെ അഭിപ്രായം. അതുകൊണ്ടുതന്നെ ചുടലമാടൻ സങ്കൽപ്പത്തിന്റെ നേരറിയാൻ ഉള്ള ഗവേഷണങ്ങളിൽ വില്ലു പാട്ടുകളെ ഒരല്പം ജാഗ്രതയോടെയാണ് ഗവേഷകർ സമീപിക്കുന്നത്.
വില്ല് പാട്ടുകളെക്കാൾ ആധികാരികതയും പ്രാചീനതയും അവകാശപ്പെടാവുന്ന മറ്റൊരു വിഭാഗമാണ് മാടൻ തറകളിലും കോവിലുകളിലും കൊടൈ ഉത്സവങ്ങളിലും ഉപയോഗിക്കപ്പെടുന്ന വിളിച്ചുചൊല്ലുകൾ. ഇവ പ്രാദേശികമായി വളരെയധികം വ്യത്യാസങ്ങൾ കാണിക്കുന്നുണ്ട്. വില്ലു പാട്ടുകളെ പോലെ ഈണമോ താളമോ സാഹിത്യമോ ഇവയ്ക്കില്ല. ആരാധന വേളകളിൽ മാത്രം ഉപയോഗിക്കപ്പെടുന്നത് കൊണ്ടും നാളിതുവരെയും രേഖപ്പെടുത്തലുകളിലേക്ക് കടന്നു വരാത്തത് മൂലവും ഇവ അധികം ഗവേഷണം ചെയ്യപ്പെട്ടിട്ടില്ല.
തിരുവനന്തപുരം ജില്ലയിലെ വേങ്കമല ക്ഷേത്രത്തിലെ മാടൻ ഉപദേവതാ സ്ഥാനം
മാടൻ എന്നുള്ള പേരിൽ വിവിധ സങ്കല്പങ്ങൾ ഉള്ളതിൽ ചുടലമാടനെ കുറിച്ചാണ് ഈ അദ്ധ്യായം പ്രതിപാദിച്ചിരിക്കുന്നത്. എങ്കിലും ചുടലമാടനിൽ നിന്നും വ്യത്യാസപ്പെട്ടു നിൽക്കുന്ന ഇതര പ്രാദേശിക മാടൻ സങ്കല്പങ്ങൾ കുറിച്ചു കൂടി പരാമർശിക്കാം.
ഞൊണ്ടി മാടൻ - അന്യായമായി വധിക്കപ്പെട്ട അംഗവൈകല്യമുള്ള തയ്യൽക്കാരന്റെ ആത്മാവിനെയാണ് ഇത്തരത്തിൽ ആരാധിക്കപ്പെടുന്നത്. തമിഴ്നാട്ടിലെ തിരുനെൽവേലി തൂത്തുക്കുടി കന്യാകുമാരി ജില്ലകളിൽ ഞണ്ടിമാടൻ ആരാധന നിലനിൽക്കുന്നുവെങ്കിലും കേരളത്തിൽ ഇത്തരത്തിൽ ഒരു സങ്കല്പം നിലവിലില്ല.
കരിയാടി മാടൻ - പുരാണങ്ങളിലെ ദക്ഷപ്രജാപതിയോട് സാദൃശ്യമുള്ള കഥാപാത്രമാണിത്. കൈലാസം ആക്രമിക്കുവാൻ ഉള്ള ശ്രമത്തിനിടെ ഭദ്രകാളി തലവെട്ടുകയും പിന്നീട് ശിവൻ ഒരു ആടിൻറെ തല ഉറപ്പിച്ചു കൊടുക്കുകയും ഒരു കാവൽ ദൈവമായി ഇന്ത്യയിലേക്ക് പറഞ്ഞയക്കുകയും, ശിവപുത്രനായ ശാസ്താവിന്റെ നിർദ്ദേശത്താൽ ജലാശയങ്ങളുടെ സമീപത്ത് ഒരു കാവൽ ദൈവമായി നിലനിൽക്കുവാനും തുടങ്ങി എന്നാണ് ഐതിഹ്യം.
കരിയാടി മാടൻ
Comments
Post a Comment